കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വർഷങ്ങളായി നിലനിൽക്കുന്ന കേസായതിനാൽ അപ്പീൽ ഹർജിയിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എന്നാൽ, മറ്റൊരു ഏജൻസിയുടെ എഫ്ഐആറോ ഇഡിക്ക് അന്വേഷിക്കാവുന്ന പ്രെഡിക്കേറ്റ് ഒഫൻസോ നിലവിലില്ലാത്ത സാഹചര്യത്തിൽ പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആർഎൽ കോടതിയിൽ വാദിച്ചു. എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ അന്തിമ റിപ്പോർട്ടായി കാണാൻ കഴിയില്ലെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇഡിക്കായി കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹാജരായപ്പോൾ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് സിഎംആർഎല്ലിന് വേണ്ടി വാദിച്ചത്.
