
ആറന്മുള: ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയില്‍ ആവേശകരമായ തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആവേശകരമായ പള്ളിയോട മത്സരങ്ങളും ആരംഭിച്ചു. ആയിരക്കണക്കിന് ജലമേള പ്രേമികളാണ് പമ്പാതീരത്തേക്ക് ഒഴുകിയെത്തിയത്.
ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണി തുഴഞ്ഞുപോയി. കൃഷ്ണവേഷം ധരിച്ച ബാലനും തുഴച്ചില്‍ക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും അടങ്ങുന്ന സംഘമാണ് തിരുവോണത്തോണിയിലുണ്ടായിരുന്നത്. ആര്‍പ്പുവിളികളോടെയാണ് പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനം തിരുവോണത്തോണിയെ വരവേറ്റത്
ജലഘോഷയാത്രയുടെ മാറ്റുകൂട്ടി വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിച്ച കുട്ടികളും പ്രത്യേകം തയ്യാറാക്കിയ ചെങ്ങാടങ്ങളില് അണിനിരന്നിരുന്നു. ഇത്തവണത്തെ ജലഘോഷയാത്രയില്‍ ആകെ 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഇവയെ എ, ബി എന്നിങ്ങനെ രണ്ട് ബാച്ചുകളായി തിരിച്ചിട്ടുണ്ട്. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 16 പള്ളിയോടങ്ങളുമാണുള്ളത്.
