തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ‘ഊണ് കഴിക്കുന്നത് തെറ്റാണോ?’ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇത്തരം വിവാദങ്ങൾ വിഷയദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദവും അനാവശ്യമാണെന്ന് മുരളീധരൻ പ്രതികരിച്ചു. ഹെലികോപ്റ്റർ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെന്നും ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോകുന്ന വഴിയിൽ ഭാര്യാപിതാവിനെ കണ്ടതാണെന്നും മുരളീധരൻ ന്യായീകരിച്ചു.
