ഓണത്തിനു നാട്ടിലെത്തുക പ്രവാസി മലയാളികള്‍ക്ക് വെറും സ്വപ്നമായി മാറുന്നു. വിമാനയാത്ര-ട്രെയിന്‍-ബസ് നിരക്കുകളില്‍ അമിത ചാര്‍ജാണ് ഓണത്തിനു നാട്ടിലെത്താനുള്ള പ്രവാസി മലയാളികളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങ് തടിയായത്. സ്വതേ ഓണത്തിനു വിമാനടിക്കറ്റുകള്‍ വിമാന കമ്പനികള്‍ കുത്തനെ ഉയര്‍ത്താറുണ്ട്. ഇതിനിടയിലാണ് യുഎസ്-ഇറാന്‍-ഇസ്രയേല്‍ യുദ്ധം വന്നത്. ഇതോടെ നിലവിലെ ചാര്‍ജ് തന്നെ താങ്ങാന്‍ കഴിയാത്തതായി മാറിയിട്ടുണ്ട്. ഓണത്തിനു വിദേശത്ത് നിന്നും നാട്ടിലെത്താന്‍ വലിയ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇപ്പോള്‍ യുദ്ധത്തിന്റെ സാഹചര്യവും ഓണവും ഒരുമിച്ച് വന്നതോടെ നല്‍കാന്‍ കഴിയാത്ത വിമാന നിരക്കാണ് നിലവില്‍ ഉള്ളത്.
ഡൽഹിയിൽ നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 15,000നു മുകളിലാണു ടിക്കറ്റ് നിരക്ക്. തിരികെ വരാനും ഏകദേശം ഇതേ തുക ടിക്കറ്റിന് ചെലവാക്കേണ്ടിവരും. 2 കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിനു കേരളത്തിലേക്ക് വിമാനത്തിൽ പോകണമെങ്കിൽ ഏകദേശം 60,000 രൂപ ചെലവ് വരും. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ചെലവാകുന്നത്. അതുകൊണ്ട് തന്നെ വിദേശ മലയാളികളില്‍ പലരും ഓണത്തിനു യാത്ര ഒഴിവാക്കുന്ന അവസ്ഥയാണ്. ഇനി ഡൊമസ്റ്റിക്ക് വിമാന നിരക്കുകള്‍ നോക്കിയാല്‍ അതും താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ട്രെയിനില്‍ ടിക്കറ്റ് ലഭിക്കാനില്ല. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും ഡല്‍ഹിയില്‍ നിന്നുള്ള മംഗള, കേരള എക്സ്പ്രസുകളിൽ കിട്ടാനില്ല. ഓണക്കാലത്തു വിവിധ സ്ഥലങ്ങളിൽ നിന്നു കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഡൽഹിയിൽ നിന്നു പ്രത്യേക സർവീസുകളില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നു സ്പെഷൽ ട്രെയിൻ അനുവദിച്ചു. പക്ഷെ ഡല്‍ഹിയില്‍ നിന്നും ട്രെയിനുകള്‍ അനുവദിച്ചില്ല. അതോടെ ഓണാഘോഷത്തിനു നാട്ടിൽ പോയിവരാൻ കാത്തിരിക്കുന്നവരില്‍ വലിയൊരു വിഭാഗം പ്രതിസന്ധിയിലായി.
രാജധാനി എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, യശ്വന്ത്പുര– കൊച്ചുവേളി എക്സ്പ്രസ്, സമ്പർക്കക്രാന്തി എക്സ്പ്രസ്, അമൃത്സർ– കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സ്വർണ ജയന്തി എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല. ബംഗളൂര്-ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പ്രൈവറ്റ് ബസുകള്‍ കുത്തനെ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പല ബസുകളിലും ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളാണ് ഇവിടങ്ങളിലെ മലയാളികള്‍ ഉറ്റുനോക്കുന്നത്. എന്തായാലും ഓണക്കാലത്തെ യാത്രാദുരിതം തുടര്‍ക്കഥയായ അവസ്ഥയാണ്. കേരള സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം എന്ന ആവശ്യമാണ് പ്രവാസി മലയാളികള്‍ ഉയര്‍ത്തുന്നത്.
