Home » Blog » kerala Max » ആകാശത്ത് തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും അടുത്തടുത്തേക്ക് എത്തിയ സംഭവത്തിൽ അന്വേഷണം
flight

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന് തൊട്ടടുത്തെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുഎസ് അധികൃതര്‍. ചൊവ്വാഴ്ച വാഷിങ്ടണിലായിരുന്നു സംഭവം. ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ബേസിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് എംബ്രയേര്‍ E-170 ഉം കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്ന ട്രംപിന്റെ മറൈന്‍ വണും തമ്മില്‍ ഒരു മൈലില്‍ കുറഞ്ഞ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ തെറ്റായ ആശയവിനിമയത്തിന്റെ ഭാഗമായാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആശയവിനിമയത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (എന്‍ടിഎസ്ബി) വ്യക്തമാക്കിയിട്ടുണ്ട്.ലോകത്തിലെ തന്നെ മികച്ച ഏവിയേറ്റര്‍മാരാണ് മറൈന്‍ വണ്‍ വിമാനം നിയന്ത്രിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എഎഫ്പിയോട് പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ എയര്‍ലൈനുകളും മറൈന്‍ വണ്‍ നിയന്ത്രിക്കുന്ന യുഎസ് മറൈന്‍ കോര്‍പ്‌സും പ്രതികരിച്ചിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ തമ്മില്‍ 1.5 മൈല്‍ തിരശ്ചീനമായും 500 അടി ലംബമായുമുള്ള വ്യത്യാസമുണ്ടാകണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.