
അകാലത്തിൽ വിടപറഞ്ഞ നടി സിൽക്ക് സ്മിതയുമായുണ്ടായിരുന്ന സൗഹൃദത്തെയും ഓർമ്മകളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി ഉർവശി. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന്റെ ഭാഗമായി ‘ക്ലബ്ബ് എഫ്.എമ്മിന്’ നൽകിയ അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. സിൽക്ക് സ്മിത തനിക്ക് ഒരു മൂത്ത സഹോദരിയെപ്പോലെയായിരുന്നുവെന്ന് ഉർവശി പറയുന്നു.
സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നടിമാരെ അന്ന് സമൂഹം പ്രത്യേക രീതിയിലാണ് കണ്ടിരുന്നതെന്നും അതുകൊണ്ടുതന്നെ സ്മിത ആരോടും അധികം സംസാരിക്കാതെ മാറിനിൽക്കുമായിരുന്നുവെന്നും ഉർവശി വ്യക്തമാക്കി. എന്നാൽ താൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച കോസ്റ്റ്യൂം സെൻസുള്ള വ്യക്തിയായിരുന്നു സിൽക്ക് സ്മിതയെന്നും അവർ പറഞ്ഞു. അന്ന് സിനിമകളിൽ ഓവർ മേക്കപ്പ് ഉപയോഗിച്ചിരുന്ന സമയത്തായിരുന്നിട്ടും സ്മിതയുടെ കളർ സെൻസും മേക്കപ്പ് സെൻസും വളരെ മികച്ചതായിരുന്നു.
സിൽക്ക് സ്മിത ധരിക്കുന്ന ഏത് കോസ്റ്റ്യൂമും ഒരിക്കലും വൾഗറായി തോന്നിപ്പിച്ചിരുന്നില്ലെന്നും ഉർവശി ഓർത്തു. തന്റെ നല്ല ഫിസിക് ചൂണ്ടിക്കാട്ടി ‘ഞാനൊരു പടത്തിന് നിനക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്തുതരാം’ എന്ന് സ്മിത പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ഔദ്യോഗികമായി ഡിസൈനിങ് രീതികൾ വന്നിട്ടില്ലാത്തതിനാൽ താൻ അത് ചെയ്യാൻ മടിച്ചെങ്കിലും, സ്മിതയോട് ആഗ്രഹം ചോദിക്കാൻ തനിക്ക് പേടിയായിരുന്നുവെന്നും എന്നാൽ അവർക്ക് തന്നോട് വലിയ സ്നേഹമായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു.
