Home » Blog » kerala Max » അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐയും ഉടൻ അപ്പീൽ നൽകും
w-380,h-220,imgid-01jh5mntky0ya9za8spv6fk4ys,imgname-mixcollage-09-jan-2025-07-09-pm-3132

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐയും ഉടൻ അപ്പീൽ നൽകും. ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.

കേസിൽ ഏഴ് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 13 പേരെ കുറ്റക്കാരണെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വർഷത്തിൽ താഴെയായതിനാൽ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ഇന്നലെ എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച പ്രതികളെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോവും.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരമാവധി മൂന്ന് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *