Home » Blog » Kerala » അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്: പ്രതികൾക്കായി ഹാജരാകുന്ന വക്കീലിന് 5 ലക്ഷം രൂപ പിഴ; കർശന നിലപാടുമായി ബാർ അസോസിയേഷൻ
images (65)

അയോധ്യ രാമക്ഷേത്ര ഫണ്ട് ദുർവിനിയോഗക്കേസിൽ പ്രതികൾക്ക് നിയമസഹായം നൽകേണ്ടതില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ തീരുമാനിച്ചു. കേസിൽ പ്രതികളായവർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. രാമജന്മഭൂമി ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉൾപ്പെട്ട മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്നുദിവസത്തിനുള്ളിൽ അയോധ്യ വിട്ടുപോകണമെന്നും, ഇല്ലെങ്കിൽ നഗരം ഉപരോധിക്കുമെന്നും അഭിഭാഷകർ പ്രഖ്യാപിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കോടതിയെ സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

 

രാമക്ഷേത്ര ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്. കേസിലെ എട്ടു പ്രതികളുടെ വീടുകളിൽ ഉത്തർപ്രദേശ് പോലീസ് റെയ്ഡ് നടത്തി. പ്രാദേശിക മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ പ്രതികളുടെ കുടുംബാംഗങ്ങളിൽ നിന്നും അയൽക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും. ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ തൽസ്ഥാനങ്ങളിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.