
ജയ്പുർ: വീട്ടിനുള്ളിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. സരോജ് ദേവി (50), മകൾ ശിവാംഗി (25), മകൻ ലക്കി (27) എന്നിവരാണ് മരിച്ചത്. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസിന് നിർണ്ണായകമായ രണ്ട് കുറിപ്പുകൾ ലഭിച്ചിട്ടുണ്ട്. കൈയ്യെഴുത്തിലുള്ള ഒരു കുറിപ്പ് വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തി.
മൊബൈൽ ഫോണിൽ മരണം സംബന്ധിച്ച കുറിപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും, ആ ഫോണിന്റെ പാസ്വേഡുമായിരുന്നു ഭിത്തിയിലെ കുറിപ്പിൽ എഴുതിയിരുന്നത്. ഭിത്തിയിലെ പാസ്വേഡ് ഉപയോഗിച്ച് ലക്കിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് മരണം സംബന്ധിച്ച വിശദമായ കുറിപ്പ് ലഭിച്ചു. കുടുംബത്തിൽ മാനസിക രോഗാവസ്ഥയുടെ പാരമ്പര്യമുണ്ടെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായാണ് വിവരം. അയൽവാസികളുമായി ഇവർ യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. വീട്ടുസാധനങ്ങളെല്ലാം ഓൺലൈൻ ഡെലിവറി വഴിയാണ് ഇവർ വാങ്ങിയിരുന്നത്. ഇവർ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭട്ടാ ബസ്തി പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധനയ്ക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ശേഷമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
