
സിനിമയിലെത്തണമെന്ന മോഹവുമായി നടന്ന ഒരു ചെറുപ്പക്കാരൻ. ഫോട്ടോഷൂട്ടിന് സുഹൃത്തുക്കളുടെ സഹായം. ബൈക്ക് പോലും സ്വന്തം അല്ല, വഴിയിലൂടെ പോയ ഒരാളുടേത്. ഫിലിം റോളിനും ഫോട്ടോയ്ക്കും പണം നൽകിയത് കടം വാങ്ങി. 38 വർഷം മുൻപത്തെ ഈ ഓർമകളാണ് നടൻ സുരേഷ് കൃഷ്ണ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
സിനിമാ മോഹവുമായി നടന്നിരുന്ന കാലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സുരേഷ് കൃഷ്ണ പങ്കുവെച്ചത്. ചിത്രങ്ങൾ കാണുമ്പോൾ മുഖത്ത് ചെറുപുഞ്ചിരി ഉണ്ടാകുമ്പോഴും, ആ കാലത്തെ സന്തോഷവും സങ്കടവും കലർന്ന ചില ഓർമകൾ മനസ്സിലൂടെ കടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു. 38 വർഷം പഴക്കമുള്ള ചിത്രങ്ങളാണിതെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.
ചിത്രങ്ങൾക്ക് പിന്നിലെ ഓരോരുത്തരെയും അദ്ദേഹം കുറിപ്പിൽ പ്രത്യേകം ഓർത്തെടുത്തു. ഫോട്ടോ എടുത്തത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. വസ്ത്രങ്ങൾ പല സുഹൃത്തുക്കളുടേതായിരുന്നു. ഫോട്ടോഷൂട്ടിന് ഉപയോഗിച്ച ബൈക്ക് ഒരു വഴിപോക്കന്റേതായിരുന്നു. അന്നത്തെ കാലത്ത് മേക്കപ്പിനും സ്റ്റൈലിങ്ങിനുമൊക്കെ വലിയ ചെലവായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഫിലിം റോളിനും ഫോട്ടോയ്ക്കുമുള്ള പണം കടം വാങ്ങിയായിരുന്നു ഒരുക്കിയതെന്നും സുരേഷ് കൃഷ്ണയുടെ കുറിപ്പിലുണ്ട്.
ഇന്ന് ആ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചതോടെ സിനിമയിലേക്കുള്ള തന്റെ പഴയകാല യാത്രയിലെ ചെറിയെങ്കിലും പ്രധാനപ്പെട്ട ഒരു അധ്യായമാണ് സുരേഷ് കൃഷ്ണ ഓർത്തെടുത്തത്. വലിയ സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ആ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്കൊപ്പം സന്തോഷവും സങ്കടവും കലർന്ന ഓർമകളും പങ്കുവെച്ചിരിക്കുകയാണ് താരം.
