
കൊല്ലം: ജനസാഗരത്തെ സാക്ഷിയാക്കി മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാൾ ആഘോഷിച്ച് അമൃതപുരി. രാവിലെ 7.30ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 9 മണിയോടെ അമൃതാനന്ദമയി വേദിയിലെത്തി ഗുരുപാദുക പൂജയും വിശ്വശാന്തി പ്രാർഥനയും നടന്നു. തുടർന്ന് അനുഗ്രഹ പ്രഭാഷണവും ഭജനയും നടന്നു.
‘ജനിച്ചു എന്ന ചിന്ത മരിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകുന്നത്. അതാണ് ശരിയായ ഉണർവ്, അതാണ് ശരിയായ പുനർജന്മം. മക്കൾ ധർമബോധത്തോടെ കർമങ്ങൾ ചെയ്യുകയും ലോകനന്മയ്ക്കു വേണ്ടി സേവനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ അതിൽ സന്തോഷിക്കുന്നു. നിസ്വാർഥമായ സേവനത്തിലൂടെ ഈശ്വരപ്രേമത്തിന്റെ പരിശുദ്ധമായ പാലും തേനും പനിനീരും സുഗന്ധവും നമ്മുടെ ഹൃദയത്തിൽ നിറയും’ എന്നായിരുന്നു പിറന്നാൾ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ.
രാവിലെ 11 മണിയോടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വേദിയിലെത്തിയതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. പിന്നണി ഗായിക മഞ്ജരി പ്രാർഥനാഗീതം ആലപിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, റാം മോഹൻ നായിഡു, മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങിയ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും വേദിയിൽ സന്നിഹിതരായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനകരവുമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. കാരുണ്യത്തിന്റെ മഹാസാഗരമാണ് അമൃതാനന്ദമയിയെന്നും സദ്ഭരണം കാഴ്ചവയ്ക്കാൻ അമ്മ നൽകുന്ന പ്രേരണയും പ്രോത്സാഹനവും മഹത്തരമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സമൂഹസേവനമാണ് മാതാ അമൃതാനന്ദമയിയുടെ ജീവിതവ്രതമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും പറഞ്ഞു.
