കേരളത്തിലെ സ്വർണ്ണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 2,160 രൂപ കുറഞ്ഞ് നിലവിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 13,135 രൂപയിൽ നിന്ന് 12,865 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാസങ്ങൾക്ക് ശേഷം ആദ്യമായി വില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നെങ്കിലും രാത്രിയോടെ വീണ്ടും ഉയർന്നിരുന്നു. എന്നാൽ പുതിയ സൂചനകൾ പ്രകാരം വില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യതയാണ് വിപണിയിൽ കാണുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അനിശ്ചിതത്വവും കരുത്താർജ്ജിക്കുന്ന അമേരിക്കൻ ഡോളറും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്തുന്നതും നിക്ഷേപകരെ സ്വർണ്ണത്തിൽ നിന്ന് ഡോളറിലേക്ക് ആകർഷിക്കാൻ കാരണമായി. അന്താരാഷ്ട്ര തലത്തിൽ എണ്ണവില വർദ്ധിക്കുന്നതും ഡോളറിന് കരുത്ത് പകരുന്നു. വരും ദിവസങ്ങളിലും സ്വർണ്ണവില ഒരു ലക്ഷത്തിന് അരികിലായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
