ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോൺഗ്രസ്. ആവശ്യം നേരിൽ കണ്ട് അറിയിച്ചപ്പോൾ മൈൻഡ് ചെയ്യുന്നില്ല എന്ന് പരസ്യമായി പറഞ്ഞുവെന്നും മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത് ലോയേഴ്സ് കോൺഗ്രസിൻ്റെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നുമാണ് പരാതി. അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചത് ഒഴിച്ചാൽ അനർഹർ ഇപ്പോഴും തുടരുന്നുവെന്നാണ് ലോയേഴ്സ് കോൺഗ്രസിൻ്റെ ആരോപണം. ലോയേഴ്സ് കോൺഗ്രസിൻ്റെ അഭിഭാഷകർ ഇപ്പോഴും പുറത്ത് നിൽക്കുന്നുവെന്നും പരാതിയുണ്ട്.പരാതി ഉയർന്ന നിയമനങ്ങൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ പേര് വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
ജില്ലാ അഭിഭാഷക നിയമനങ്ങളിലും ആശങ്കയുണ്ടെന്ന് ലോയേഴ്സ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലൂടെ നിയമനം നടത്തണം എന്ന ആവശ്യവും ലോയേഴ്സ് കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.സർക്കാർ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസ് നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരാതി നൽകിയിരുന്നു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ ആണ് പരാതി നൽകിയത്. കോൺഗ്രസ് അഭിഭാഷകർക്ക് പരിഗണന നൽകുന്നില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങളെ പരിഗണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു
