ഇന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിൽ ഹനുമാന്റെ വേഷത്തിലെത്തുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സണ്ണി ഡിയോൾ. ഹനുമാൻ ജിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്. ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ എന്‍റെ പരമാവധി ശ്രമിക്കും,’ സണ്ണി ഡിയോൾ പറഞ്ഞു. നമിത് മൽഹോത്ര നിർമ്മിച്ച്, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലർ 2026 ജൂലൈ 24-ന് പുറത്തിറങ്ങും. ‘രാമായണ പാർട്ട് 1’ ഈ വർഷം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് 250 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്. പ്രൊഡക്ഷൻ പങ്കാളിയായ നടൻ യാഷ് കൂടി പങ്കെടുത്ത ഡൽഹിയിലെ ‘പ്രഥം സങ്കൽപ്’ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ പ്രിവ്യൂവും ആഗോള പ്രയാണത്തിന്റെ പ്രഖ്യാപനവും നടന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്.
