തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിവന്നിരുന്ന സ്വകാര്യ ഏജൻസിയായ ആന്ധ്രാപ്രദേശ് ആസ്ഥാനമായ Singu സൊല്യൂഷൻസിന് കരാർ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് കെഎസ്ആർടിസി നൽകി. ഇതോടെ നിലവിൽ കൊറിയർ ബുക്കിങ് പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
സർവീസിന്റെ നിലവാരം മോശമാണെന്ന വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. കൊറിയർ വിതരണം വൈകുന്നതും സേവനത്തിലെ വീഴ്ചകളും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടാണ് കൊറിയർ സർവീസ് നടത്തിവന്നിരുന്നത്. മികച്ച വരുമാനവും സേവനത്തിന് ലഭിച്ചിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷണൽ രീതിയിൽ സേവനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ഏജൻസിയെ ചുമതല ഏൽപ്പിച്ചത്. കൊറിയർ സർവീസ് വീണ്ടും കാര്യക്ഷമമായി പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾ കെഎസ്ആർടിസി ആരംഭിച്ചതായാണ് സൂചന.
