Home » Blog » kerala Mex » സർക്കാരിന്റെ ന്യായീകരണം മനുഷ്യജീവന് വില കൽപ്പിക്കാത്തത്: വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന
harshina

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി കെ.കെ. ഹർഷിന രംഗത്തെത്തി. സർക്കാർ ആശുപത്രിയെ വിശ്വസിച്ച് ചികിത്സയ്‌ക്കെത്തിയ താൻ അനുഭവിച്ച ദുരിതത്തിന് മന്ത്രി എന്ത് സമാശ്വാസമാണ് നൽകിയതെന്ന് ഹർഷിന ചോദിച്ചു. ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, പ്രശ്നപരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഈ ദുരന്തം യു.ഡി.എഫ് കാലത്താണ് നടന്നതെന്ന സർക്കാരിന്റെ ന്യായീകരണം മനുഷ്യജീവന് വില കൽപ്പിക്കാത്തതാണെന്ന് ഹർഷിന കുറ്റപ്പെടുത്തി. വോട്ട് ചോദിക്കാൻ വരുമ്പോൾ മാത്രമാണോ ജനങ്ങൾക്ക് വിലയെന്നും അവർ ചോദിച്ചു. ആരോഗ്യ വകുപ്പ് പൂർണ്ണമായും കൈയൊഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതിനാലാണ് വീണ്ടും സമരത്തിനിറങ്ങാൻ തീരുമാനിച്ചതെന്നും, ഇനി മന്ത്രിയെ നേരിൽ കാണുന്നതിൽ അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഹർഷിനയ്ക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട സമരസമിതി, ആരോഗ്യമന്ത്രി അവരെ അവഹേളിക്കുകയാണെന്ന് ആരോപിച്ചു. ഹർഷിനയെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചതല്ലാതെ സമാശ്വാസ തുകയോ ചികിത്സാ സഹായമോ നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ ഹർഷിന അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പകരമാവില്ലെന്നും അതിനാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്നും സമരസമിതി വ്യക്തമാക്കി.