പ്രമുഖ ബിൽഡറും ചലച്ചിത്ര നിർമ്മാതാവുമായ സി.ജെ. റോയിയുടെ വിയോഗത്തിൽ നടൻ മോഹൻലാൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. റോയിയുടെ മരണം തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നുവെന്നും തനിക്ക് അദ്ദേഹം ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. റോയിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. മോഹൻലാലുമായി വർഷങ്ങളോളം നീണ്ട അടുത്ത സൗഹൃദമായിരുന്നു സി.ജെ. റോയിക്കുണ്ടായിരുന്നത്.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ തലവനായിരുന്ന സി.ജെ. റോയ് മോഹൻലാൽ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമായത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കാസനോവ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് സിദ്ധിഖ് സംവിധാനം ചെയ്ത ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’, പ്രിയദർശന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകളിലും അദ്ദേഹം പങ്കാളിയായി. മലയാളത്തിലെ വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രങ്ങൾക്കായി ആശിർവാദ് സിനിമാസിനൊപ്പം അദ്ദേഹം കൈകോർത്തിരുന്നു.
ബിസിനസ് രംഗത്തും സിനിമയിലും ഒരേപോലെ തിളങ്ങിയ സി.ജെ. റോയ്, മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള തന്റെ സൗഹൃദ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും മോഹൻലാലുമായുള്ള ആത്മബന്ധവും മലയാള സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വിയോഗം സിനിമാ-നിർമ്മാണ മേഖലകൾക്ക് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
