Home » Blog » kerala Max » “സൂര്യവംശി അത്ഭുതബാലൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ അമൂല്യ നിധി! സച്ചിനേയും കോലിയേക്കാളും പ്ര​ഗൽഭനാകും”; ഡെയ്ൽ സ്റ്റെയ്ൻ
18

കേപ്ടൗൺ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഉദയതാരമായ വൈഭവ് സൂര്യവംശി ഭാവിയിൽ സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോലിയെയും മറികടക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ശേഷിയുള്ള താരമാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ഇന്ത്യൻ ക്രിക്കറ്റിന്റെ അമൂല്യ നിധിയെന്നാണ് 15-കാരനായ സൂര്യവംശിയെ സ്റ്റെയ്ൻ വിശേഷിപ്പിച്ചത്. താൻ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധനരായ യുവതാരങ്ങളിൽ ഒരാളാണ് സൂര്യവംശിയെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് സ്റ്റെയ്ൻ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സീസണിൽ 776 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഇടംകൈയൻ ബാറ്റർ, അയർലൻഡ്-ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലും ഇടം നേടിയിരുന്നു. സൂര്യവംശിയുടെ പ്രായത്തിലുള്ള മറ്റൊരു താരത്തിലും ഇത്രയും അസാധാരണമായ കഴിവ് താൻ കണ്ടിട്ടില്ലെന്ന് സ്റ്റെയ്ൻ പറഞ്ഞു.

“നമ്മൾ സച്ചിനെയും കോലിയെയും കുറിച്ചാണ് സാധാരണ സംസാരിക്കുന്നത്. എന്നാൽ വൈഭവ് തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ അവരെക്കാളും വലിയ താരമായി മാറാൻ സാധ്യതയുണ്ട്,” എന്നാണ് സ്റ്റെയ്‌ന്റെ വിലയിരുത്തൽ.

“നിലവിൽ ദക്ഷിണാഫ്രിക്കയിൽ 14-15 വയസ്സുള്ള ഒരു താരത്തിലും ഇത്തരമൊരു മികവ് ഞാൻ കണ്ടിട്ടില്ല. ഞങ്ങളുടെ സ്കൂൾ ക്രിക്കറ്റിലും അണ്ടർ-15, അണ്ടർ-19 തലങ്ങളിലുമായി നിരവധി പ്രതിഭകൾ വളർന്നുവരുന്നുണ്ടെങ്കിലും, വൈഭവ് സൂര്യവംശി മറ്റൊരു തലത്തിലാണ്. ഇപ്പോൾ തന്നെ പല അന്താരാഷ്ട്ര താരങ്ങളെക്കാളും മികച്ച രീതിയിലാണ് അവൻ ബാറ്റ് ചെയ്യുന്നത്. അവൻ യഥാർഥത്തിൽ ഒരു അത്ഭുതബാലനും ഇന്ത്യൻ ക്രിക്കറ്റിന്റെ നിധിയുമാണ്,” -സ്റ്റെയ്ൻ പറഞ്ഞു.

അതേസമയം, സൂര്യവംശിയുടെ കരിയർ വളർച്ച അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സ്റ്റെയ്ൻ മുന്നറിയിപ്പ് നൽകി. “വലിയ പ്രതിഭകളെ വളർത്തുകയെന്നത് വലിയ ഉത്തരവാദിത്തങ്ങളും ഉണ്ടാകും. ശരിയായ രീതിയിൽ നയിക്കാനായില്ലെങ്കിൽ അത്തരം പ്രതിഭകളെ വഴിമധ്യേ നഷ്ടപ്പെടുത്താനുള്ള സാധ്യതയുണ്ട്. അതിനാൽ അവനെ എങ്ങനെ വളർത്തിയെടുക്കുന്നു എന്നതിൽ പ്രത്യേക ശ്രദ്ധ വേണം,” അദ്ദേഹം വ്യക്തമാക്കി.

സൂര്യവംശിയെ മറ്റ് യുവതാരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന്റെ ക്ലീൻ ഹിറ്റിംഗ് മികവാണെന്നും സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു. ബാറ്റിംഗിന് അനുകൂലമായ ഇന്ത്യൻ പിച്ചുകളിലെ സാഹചര്യങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ താരത്തിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.