കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി.
സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനുള്ള കാരണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷിൻ ബെഞ്ചിന്റെ തീരുമാനം.
അതേസമയം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇസിഐആർ റജിസ്റ്റർ ചെയ്ത് തെളിവു ശേഖരണത്തിനായി നോട്ടിസ് അയയ്ക്കാൻ ഇ.ഡിക്ക് അധികാരമുണ്ടോ? ഷെഡ്യൂൾഡ് കുറ്റകൃത്യത്തെക്കുറിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ അന്വേഷിക്കാമോ തുടങ്ങി ഇ.ഡിയുടെ അധികാര പരിധിയെ ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎൽ നൽകിയ അപ്പീലിലാണ് ഹൈക്കോടതി തീരുമാനമെടുത്തത്.
സിവിൽ നടപടികളുമായി ബന്ധപ്പെട്ട് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡി വാദം ഹൈക്കോടതി അംഗീകരിച്ചത്.
