Home » Blog » kerala Max » സിപിഎമ്മിൽ പുതിയ സംഘടനാ ചട്ടക്കൂട്; മുഴുവൻസമയ പ്രവർത്തകരല്ലാത്തവർക്കും ഇനി ലോക്കൽ കമ്മിറ്റി സെക്രട്ടറി പദവി നൽകാം
VISHALA-680x450

കണ്ണൂർ: പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിർണായക മാറ്റവുമായി സിപിഎം. മുഴുവൻസമയ പ്രവർത്തകരല്ലാത്തവരെയും ഇനി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാക്കാൻ തീരുമാനിച്ചു. മികച്ച കേഡർമാർ മറ്റ് മേഖലകളിലേക്ക് മാറുമ്പോൾ പാർട്ടിയെ നയിക്കാൻ ആളുകളുടെ കുറവ് നേരിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് സമ്മേളനകാലത്ത് നടപ്പാക്കിയ രീതിയിൽ മാറ്റം വരുത്താൻ വിശാല സംസ്ഥാനസമിതി യോഗം തീരുമാനിച്ചത്.

പുതിയ തീരുമാനത്തോടെ സഹകരണ ബാങ്ക് ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയ മറ്റ് ജോലികൾ ചെയ്യുന്നവർക്കും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാകാം. നിലവിൽ ഒരു ലോക്കൽ കമ്മിറ്റിയിൽ സംഘടനാരംഗത്ത് പ്രവർത്തിച്ച് മുൻപരിചയമുള്ള മറ്റൊരാളെ മുഴുവൻസമയ പ്രവർത്തകനായി മാറ്റാനാണ് പാർട്ടി തീരുമാനം. മികച്ച കേഡർമാർ മറ്റ് മേഖലകളിലേക്ക് മാറുന്നതോടെ സംഘടനയെ നയിക്കാൻ ആളില്ലാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

സാന്ത്വനപരിചരണ സംവിധാനവും സംസ്ഥാനതലത്തിൽ ഏകീകൃതമായ പൊതുപേരിൽ പ്രവർത്തിക്കുന്ന ശക്തമായ സംവിധാനമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഓരോ ജില്ലയിലും വ്യത്യസ്ത പേരുകളിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. ചില ജില്ലകളിൽ ഇത്തരം സംവിധാനം പ്രവർത്തിക്കുന്നുമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം. അതേസമയം വർഗബഹുജന സംഘടനകളുടെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പല പ്രസിദ്ധീകരണങ്ങളും ഓഫീസുകളിലും വരിക്കാരുടെ വീടുകളിലും തുറക്കാതെ കെട്ടിക്കിടക്കുന്നതായുള്ള നിരീക്ഷണമാണ് ഇതിന് പിന്നിൽ.

സ്ത്രീപങ്കാളിത്തം മികച്ച നിലയിലുള്ള എല്ലാ വർഗബഹുജന സംഘടനകളുടെയും പ്രധാന ഭാരവാഹികളിൽ ഒരാൾ വനിതയായിരിക്കണമെന്നും സംസ്ഥാനസമിതി തീരുമാനിച്ചു. ഡിവൈഎഫ്ഐയിൽ നടപ്പാക്കിയ രീതി മറ്റ് വർഗബഹുജന സംഘടനകൾക്കും ബാധകമാക്കാനാണ് തീരുമാനം. എന്നാൽ സിപിഎമ്മിനുള്ളിലെ സ്ത്രീ പ്രാതിനിധ്യത്തിന് ആനുപാതികമായി ഭാരവാഹികളുടെ എണ്ണം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *