സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ

മന്ത്രിസഭ അറിയാതെ സർക്കാരിന്റെ നയം ഉദ്യോ​ഗസ്ഥർ പൊളിച്ചെഴുതിയെന്ന് വെളിപ്പെടുത്തി മുൻ ഐഐഎസ് ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് താൻ സർക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ. തൻറെ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ദ വിന്നിങ് ഫോർമുല, 52 വേയ്‌സ് ടു ചേഞ്ച് യുവർ ലൈഫ് എന്ന പുസ്ത‌കത്തിലാണ് കണ്ണന്താനത്തിൻറെ വെളിപ്പെടുത്തലുകൾ. ഉദ്യോഗസ്ഥന് ഇച്ഛാശക്തിയുണ്ടെങ്കിൽ എത്ര കടുത്ത നടപടിയുമെടുക്കാൻ രാജ്യത്ത് സാധിക്കും അൽഫോൻസ് കണ്ണന്താനം പറയുന്നു.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യ പ്രഫഷണൽ കോളജുകൾ കൊണ്ടുവരാൻ തീരുമാനിച്ചത് മന്ത്രിസഭ അറിയാതെയെന്നാണ് അൽഫോൻസ് കണ്ണന്താനം പറയുന്നത്. അൽഫോൻസ് കണ്ണന്താനം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്തായിരുന്നു നടപടി. സർക്കാർ നയത്തിന് വിരുദ്ധമായി സ്വകാര്യ എൻജിനിയറിങ് കോളജുകൾക്ക് താൻ നിരാക്ഷേപ പത്രം കൊടുത്തെന്ന് അൽഫോൻസ് കണ്ണന്താനം അവകാശപ്പെടുന്നു. തന്നെ പിന്തുണച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് രാജിഭീഷണി മുഴക്കിയെന്നും കണ്ണന്താനം തന്റെ പുസ്തകത്തിൽ പറയുന്നു..

2000 ല്‍ താന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കാലത്ത് എന്‍ജിനീയറിങ്, മെഡിസിന്‍, നഴ്‌സിങ്, എംബിഎ അടക്കം പഠിക്കുന്നതിനായി രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തേയ്ക്ക് പോയിരുന്നതായി അല്‍ഫോണ്‍സ് കണ്ണന്താനം പുസ്തകത്തില്‍ പറയുന്നു. കുട്ടികള്‍ക്ക് ഇവിടെത്തന്നെ പഠിക്കാനുള്ള അവസരമുണ്ടാകണമെന്ന് താന്‍ പി ജെ ജോസഫസിനോട് പറഞ്ഞു. തനിക്ക് പൂര്‍ണസമ്മതമാണെന്നും എന്നാല്‍ ഇടതുമുന്നണിയോ മന്ത്രിസഭയോ അനുവദിക്കില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. വകുപ്പു സെക്രട്ടറി എന്നനിലയില്‍ എന്‍ഒസി താന്‍ കൊടുക്കാമെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും മന്ത്രിയോട് പറഞ്ഞു. പി ജെ ജോസഫ് തടഞ്ഞില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

എന്‍ഒസിക്കായി അപേക്ഷിച്ചിരുന്ന 34 പേരെ കോവളം ഗസ്റ്റ് ഹൗസില്‍ ഹിയറിങ്ങിന് വിളിപ്പിച്ചുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. 33 പേര്‍ക്ക് എന്‍ഒസി നല്‍കി. ഇത് എന്‍ഒസി മാത്രമാണെന്നും അന്തിമാനുമതിയുടെ സമയത്ത് മന്ത്രിസഭയില്‍ അവതരിപ്പിച്ചാല്‍ മതിയെന്നും മന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹം ഫയലില്‍ ഒപ്പിട്ടു. ഇത് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ അറിഞ്ഞു. എന്‍ഒസി റദ്ദാക്കാന്‍ തീരുമാനിച്ച അദ്ദേഹം തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. എന്നാല്‍ മന്ത്രി പി ജെ ജോസഫ് തനിക്കൊപ്പം നിന്നു. സംസ്ഥാന താത്പര്യങ്ങള്‍ക്കനുസരിച്ചാണ് അല്‍ഫോണ്‍സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ തൊട്ടാല്‍ രാജിവെയ്ക്കുമെന്നും പി ജെ ജോസഫ് ഭീഷണി മുഴക്കി. എന്നാല്‍ എന്‍ഒസി റദ്ദാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. തീരുമാനം എഐസിടിഇയെ അറിയിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ താന്‍ എഐസിടിഇ ചെയര്‍മാനെക്കണ്ട് കാര്യം അവതരിപ്പിച്ചു. സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ എഐസിടിഇ ഇടപെടുകയും സ്വകാര്യ കോളേജുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അങ്ങനെ സംസ്ഥാനത്ത് ആദ്യമായി പതിമൂന്ന് കോളേജുകള്‍ തുറന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *