കോഴിക്കോട്: നഴ്സുമാർ സമരം ശക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലായി. ഇന്നും പ്രധാന ആശുപത്രികളൊന്നും കാഷ്വാലിറ്റിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പല ആശുപത്രികളിലും നേരത്തേ പ്രവേശിപ്പിക്കപ്പെട്ട അടിയന്തര ശ്രദ്ധവേണ്ട രോഗികൾ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ഇവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ആശുപത്രികളിൽ തിരക്ക് കൂടി. പലരും നഗരത്തിലെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരുന്നില്ല. അതത് പ്രദേശത്തെ ചെറിയ ആശുപത്രികളിലാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. പ്രസവത്തിനുൾപ്പെടെ പലരും ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവും മറ്റും നിറഞ്ഞ സ്ഥിതിയാണ്. മറ്റ് ആശുപത്രികളിൽ നിന്നുള്ള രോഗികളും ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ മിക്കയിടത്തും ഒ.പി. സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേരത്തേ നിശ്ചയിച്ചിരുന്ന രണ്ടു ശസ്ത്രക്രിയകൾ ഡോക്ടർമാർ ചേർന്ന് പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അടിയന്തരസാഹചര്യമില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഇനി മുപ്പതോളം രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാഷ്വാലിറ്റി പ്രവർത്തിക്കുന്നില്ല. പുതുതായെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
