Home » Blog » Kerala » ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം എ പദ്മകുമാറിനെ നീക്കും; നോട്ടീസയച്ച് സിപിഎം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെ ഒടുവിൽ സിപിഎം കൈവിട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം പദ്മകുമാറിനെ നീക്കാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം വിശദീകരണം തേടിയുള്ള നോട്ടീസും പദ്മകുമാറിന് നൽകി. രജിസ്‌ട്രേഡ് തപാലിലാണ് നോട്ടീസ് നൽകിയത്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ.

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. അതിനുള്ള വിശദീകരണം വ്യാഴാഴ്ച നൽകണമെന്നും കാണിച്ച് പദ്മകുമാറിന് സിപിഎം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പദ്മകുമാർ ജാമ്യത്തിലിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ജില്ലാകമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചത്.

അതേസമയം, നോട്ടീസ് നൽകുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിലോ, ജില്ലാകമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ല. സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് നോട്ടീസിൽ ചോദിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പദ്മകുമാറിനെതിരേ വാർത്തകൾ വന്നതിനെക്കുറിച്ച് എന്തു മറുപടിയാണു നൽകാനുള്ളതെന്നും വിശദീകരിക്കണം. അതുപോലെ വാർത്തകളിൽ വന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ പദ്മകുമാറിന്റെ വാദങ്ങളും നിരത്തണം.