ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നതായി മുൻ താരങ്ങളുടെ വെളിപ്പെടുത്തൽ. ടീമിലെ പുതിയ അംഗമായ സഞ്ജു സാംസണിന്റെ സാന്നിധ്യം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും സൈമൺ ഡൂളും നിരീക്ഷിക്കുന്നത്. സ്വന്തം തട്ടകമായ ചേപ്പോക്കിൽ പഞ്ചാബ് കിംഗ്സിനോട് തോറ്റതിന് പിന്നാലെ ‘ക്രിക്ബസി’ൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇരുവരും ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.
രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈയിലെത്തിയ സഞ്ജു, ഗെയ്ക്വാദിന്റെ നായകസ്ഥാനത്തിന് ഭീഷണിയാണോ എന്ന മൈക്കൽ വോണിന്റെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു സൈമൺ ഡൂളിന്റെ മറുപടി. എം.എസ്. ധോണിക്ക് ശേഷം പരിചയസമ്പന്നനായ ഒരു വിക്കറ്റ് കീപ്പർ-ക്യാപ്റ്റനെ ടീം മാനേജ്മെന്റ് കൊണ്ടുവന്നത് റുതുരാജിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് വോൺ ചൂണ്ടിക്കാട്ടി. നായകനെന്ന നിലയിൽ പിന്തുണ അറിയിക്കുമ്പോഴും സഞ്ജുവിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഗെയ്ക്വാദിനെ പിന്നോട്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിഎസ്കെയിൽ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. രണ്ട് കളികളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ മാനസിക സമ്മർദ്ദത്തിലാണെന്ന് സൈമൺ ഡൂൾ നിരീക്ഷിച്ചു. രണ്ട് പ്രമുഖ താരങ്ങളെ വിട്ടുനൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത് എന്നതിനാൽ താരത്തിന് മേൽ വലിയ ഉത്തരവാദിത്തമുണ്ട്. ദക്ഷിണേന്ത്യൻ ആരാധകർക്ക് മുന്നിൽ മികവ് തെളിയിക്കാനുള്ള ആഗ്രഹവും ഇതിന് കാരണമായേക്കാം.
ടി20 ലോകകപ്പിൽ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടൻ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്ന് ഡൂൾ ഓർമ്മിപ്പിച്ചു. ചെന്നൈ ടീമിനുള്ളിലെ ഈ പുതിയ “ക്യാപ്റ്റൻസി ഡൈനാമിക്സ്” വരും മത്സരങ്ങളിൽ ടീമിന്റെ കെട്ടുറപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ.
