Home » Blog » Kerala » സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു; നവംബർ 3 മുതൽ സർവീസുകൾ പൂർണ്ണമായി നിലയ്ക്കും, യാത്രക്കാർ പ്രതിസന്ധിയിൽ
images (10)

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ സർവീസ് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകളിലെ പ്രിയദർശിനി സർവീസ് മൂലമുണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ കടുത്ത നടപടി. പാലക്കാട് ചേർന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് സമര പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഒക്ടോബർ 10-ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

 

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി സെപ്റ്റംബർ 2-ന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കാനോ നടപ്പാക്കാനോ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു. യാത്രാക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സമരം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ബസ് വ്യവസായത്തെ സഹായിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് സംയുക്ത സമിതിയുടെ കുറ്റപ്പെടുത്തൽ.

 

ഗതാഗത വകുപ്പ് മന്ത്രി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ബസുടമകൾ ആരോപിച്ചു. പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതോടെ കഴിഞ്ഞ നാല് മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്. നഷ്ടം സഹിക്കാനാവാതെ 400 ബസുകൾ പൂർണ്ണമായി സർവീസ് നിർത്തുകയും 3000-ത്തോളം ബസുകൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് പകരം വീണ്ടും കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *