സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിനായി അഴീക്കൽ പോർട്ടിൽ നിന്നും മുതലപ്പൊഴിയിലെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജറിന് ശക്തമായ തിരമാലകളെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതിനാൽ ഡ്രഡ്ജിംഗിനായി പുതിയ ടെന്റർ ക്ഷണിക്കുവാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെട്ട തെക്കേ പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണെന്നും ഇതുകാരണം തെക്കേ പുലിമുട്ടിന്റെ നീളം ഏകദേശം 190 മീറ്ററോളം വർദ്ധിച്ചിട്ടുണ്ടെന്നും തെക്ക് ഭാഗത്തുകൂടി മണൽ തുറമുഖത്തേക്ക് അടിയുന്നത് തടയാൻ സാധിച്ചിട്ടുണ്ടെന്നും പ്രവൃത്തി പൂർത്തിയാകുന്നതോടുകൂടി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നതാണെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു.
പൊഴി അടഞ്ഞതുമൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ തൊഴിൽ നഷ്ടപ്പെട്ട 2433 മത്സ്യതൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് 359 രൂപ പ്രകാരം 91 ദിവസത്തെ ധനസഹായം നൽകിയിട്ടുണ്ടെന്ന് ഫിഷറീസ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവൃത്തികളും അവശേഷിക്കുന്ന ഡ്രഡ്ജിംഗ് പ്രവൃത്തികളും കാലവർഷത്തിന് മുമ്പായി പൂർത്തീകരിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാവുന്നതാണ്.
