
പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾക്ക് പരിഹാരം കാണാൻ കൂടുതൽ ക്ഷേമ-ആരോഗ്യ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പല ഡോക്ടർമാർക്കും അട്ടപ്പാടിയിലേക്ക് വരാൻ മടിയുണ്ടെങ്കിലും, ഒഴിവുകളിലേക്ക് കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി അട്ടപ്പാടി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും നേരിട്ടു വിലയിരുത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. കോട്ടത്തറ ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമമുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇതിന് പരിഹാരമായി പീഡിയാട്രിക് ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫീൽഡ് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ‘ജനനി ജന്മരക്ഷ’ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് പകരം നേരിട്ട് പോഷകാഹാരം നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഫണ്ട് സമയത്തിന് ലഭിക്കാത്തതാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം അവതാളത്തിലാകാൻ കാരണമെന്നും കുടിശ്ശിക തുക ഉടൻ തീർപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അതേസമയം, അട്ടപ്പാടിയിലെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെ എൽ.ഡി.എഫ് പ്രദേശത്ത് കരിദിനം ആചരിച്ചു. ഡി.വൈ.എഫ്.ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
