തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്തെ ഡ്യൂട്ടിക്കായി ആരോഗ്യവകുപ്പിലെ ഡോക്ടർമാരെ വിട്ടുനൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ്. ആവശ്യമായ മെഡിക്കൽ ജീവനക്കാരെ ദേവസ്വം ബോർഡ് സ്വന്തം നിലയിൽ കണ്ടെത്തി നിയമിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകി. ശബരിമലയിൽ സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസം നേരിടുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
ശബരിമല ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിന്യസിക്കുന്നത് ആരോഗ്യവകുപ്പിന് ജീവനക്കാരുടെ കുറവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുവെന്നും കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രത്യേകമായി ഡോക്ടർമാരെ നിയമിച്ച് ആരോഗ്യസേവനങ്ങൾ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം.
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് (DHS) ആണ് ഇക്കാര്യത്തിൽ ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗിക കത്ത് നൽകിയത്. ശബരിമല തീർഥാടന കാലത്തെ ആരോഗ്യസേവന ക്രമീകരണങ്ങളിൽ ഈ നിലപാട് നിർണായക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
