ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ എ.പി. അനിൽകുമാർ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ ആകെ 2,634 കേസുകളിലായി 29,119 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ 1,047 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കുകയോ തുടർനടപടികൾ ഒഴിവാക്കുകയോ ചെയ്തിട്ടുള്ളത്. ശേഷിക്കുന്ന 1,587 കേസുകൾ ഇപ്പോഴും പിൻവലിക്കാൻ ബാക്കിയുണ്ട്. ഇതിൽ 692 കേസുകൾ നിലവിൽ വിവിധ കോടതികളുടെ പരിഗണനയിലാണ്. 2021 ഫെബ്രുവരിയിൽ, നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഭൂരിഭാഗം കേസുകളിലും നടപടിയായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്.
എപി. അനിൽകുമാർ പതിനാലാം നിയമസഭയുടെ സമ്മേളനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 16നാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകാത്തതിനെത്തുടർന്ന് എ.പി. അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മറുപടി നിയമസഭാ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.
