Home » Blog » kerala Mex » വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ
Untitled-1-111-680x450

റാനിൽ രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും പ്രമുഖ നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ ലാരിജാനി, ആണവ ചർച്ചകളിലെ മുൻ മധ്യസ്ഥൻ കൂടിയാണ്. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ അതോ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത തേടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അലി ലാരിജാനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ, യുദ്ധത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനുണ്ടാകുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമിത്. ഖമേനിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ലാരിജാനിയെ അവസാനമായി പൊതുവേദിയിൽ കണ്ടത് കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിൽ നടന്ന ഖുദ്‌സ് ദിന റാലിക്കിടെയാണ്. ലാരിജാനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൈനിക നീക്കം നടന്നത്.

ബാസിജ് റെസിസ്റ്റൻസ് ഫോഴ്സ് തലവൻ ഘോലംറേസ സുലൈമാനി ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് സൂചന. എന്നാൽ ലാരിജാനിയുടെ മരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനിക ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇറാൻ പുലർത്തുന്ന ഈ നിശബ്ദത നിഗൂഢത വർദ്ധിപ്പിക്കുന്നുണ്ട്. ആക്രമണത്തിന്റെ ആഘാതവും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.