ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസികൾക്ക് ചോർത്തി നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. അസമിലെ ദിബ്രുഗഢ് എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ സുമിത് കുമാർ 2023 മുതൽ പാകിസ്ഥാൻ ചാരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഈ വർഷം ആദ്യം ജയ്സാൽമീറിൽ നിന്ന് അറസ്റ്റിലായ ജബാര റാം എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അസമിലെയും ബിക്കാനീറിലെയും എയർഫോഴ്സ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയത്.
യുദ്ധവിമാനങ്ങളുടെ വിന്യാസം, മിസൈൽ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങൾ, വ്യോമസേനാ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവയടക്കം കൈമാറി. സമൂഹമാധ്യമങ്ങൾ വഴിയാണ് സുമിത് വിവരങ്ങൾ കൈമാറിയിരുന്നത്. ഇതിന് പ്രതിഫലമായി ഇയാൾക്ക് വലിയ തുകകൾ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചിരുന്നു. കൂടാതെ, തന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് പാകിസ്ഥാൻ ചാരന്മാർക്ക് ഇന്ത്യയിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യവും ഇയാൾ ചെയ്തുകൊടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജയ്പൂരിലെത്തിച്ചു.
