
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര വരുമാന പരിധി അടിസ്ഥാനമാക്കിയാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസ് സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖറിന് പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് പരാതി കൈമാറിയത്.
സർക്കാർ ജീവനക്കാരെ പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഒഴിവാക്കുമെന്നും ഇതിനായി പ്രത്യേക ‘പ്രിയദർശിനി കാർഡ്’ പുറത്തിറക്കുമെന്നുമുള്ള വ്യാജ പോസ്റ്ററുകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്ന അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയാണ് പോലീസ് മേധാവിക്ക് കൈമാറിയത്.
യു.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ മോശം പരാമർശങ്ങളും സൈബർ ആക്രമണങ്ങളും നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഇത്തരം വ്യാജ സന്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് അറിയിച്ച ഗതാഗത മന്ത്രി സി.പി. ജോൺ, വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര തടസ്സമില്ലാതെ തുടരുമെന്നും വ്യക്തമാക്കി.
