പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ പുരോഗമിക്കവേ, ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ 5 ലക്ഷം പേരെ കൂടി നീക്കം ചെയ്തു. ഇതിനുപുറമെ, തെളിവെടുപ്പിനായി ഹാജരാകാൻ നിർദ്ദേശിച്ച അഞ്ചു ലക്ഷം പേർ എത്താത്തതും ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ ബംഗാൾ തെരഞ്ഞെടുപ്പ് വിഭാഗം കേന്ദ്ര കമ്മീഷനോട് കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.
ബംഗാളിലെ ഈ നടപടികൾക്ക് പിന്നാലെ വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കാനുള്ള നിർണ്ണായക തീരുമാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വരാനിരിക്കുന്ന ഏപ്രിൽ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ കൂടി ഒരേസമയം പരിശോധനകൾ തുടങ്ങാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അടിയന്തര തയ്യാറെടുപ്പുകൾ തുടങ്ങാൻ നിർദ്ദേശിച്ച് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ കത്തയച്ചു കഴിഞ്ഞു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കി അത് പൂർണ്ണമായും കുറ്റമറ്റതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്മീഷൻ ഉദ്ദേശിക്കുന്നത്.
