വേർപാടിന്റെ കഠിനമായ വേദനയിലും അഞ്ചുപേർക്ക് പുതുജീവനേകി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ യാത്രയാകുന്നു. റോഡപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ ഈ പിഞ്ചുകുഞ്ഞ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. കുട്ടിയുടെ വിയോഗത്തിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളുടെ തീരുമാനം അതീവ ഹൃദയസ്പർശിയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിൻ ഷെറിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള പത്തു വയസുകാരനാണ് നൽകുന്നത്.
വൃക്കകൾക്ക് പുറമെ കരളും ഹൃദയ വാൽവുകളുമാണ് ആലിൻ ഷെറിൻ ലോകത്തിന് സമ്മാനിക്കുന്നത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് റോഡ് മാർഗമാണ് അവയവങ്ങൾ എത്തിക്കുന്നത്. തീവ്രദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ കർമ്മത്തിന് മുന്നോട്ടുവന്ന മാതാപിതാക്കളെ മന്ത്രി അഭിനന്ദിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
