എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന പൃഥ്വിരാജിന്റെ ‘കുംഭ’ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ചിത്രത്തിൽ വീൽചെയറിലിരിക്കുന്ന ‘കുംഭ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. വീൽചെയറിലിരിക്കുന്ന ഒരാൾക്ക് എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കുന്നവർക്ക് മറുപടിയായാണ് താരം സംസാരിച്ചത്. “വീൽചെയർ അയാളുടെ പ്രോപ്പർട്ടികളിൽ ഒന്ന് മാത്രമാണ്. അതിലിരുന്ന് അയാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും. പോസ്റ്ററിൽ കണ്ടതിനേക്കാൾ അപകടകാരിയാണ് കുംഭ,” പൃഥ്വിരാജ് പറഞ്ഞു. സിജിഐ സഹായമില്ലാതെ യഥാർത്ഥമായാണ് വീൽചെയർ സീനുകൾ ചിത്രീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദൃശ്യവിസ്മയമായി രുദ്രനും വാരാണസിയും മഹേഷ് ബാബു ‘രുദ്ര’ എന്ന കഥാപാത്രമായെത്തുന്ന ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ടീസർ ലോഞ്ച്. ബി.സി.ഇ 512-ലെ വാരാണസിയും 2027-ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹവും ടീസറിലെ പ്രധാന ആകർഷണങ്ങളാണ്. അന്റാർട്ടിക്കയിലെ ഐസ് ഷെൽഫുകൾ മുതൽ ആഫ്രിക്കൻ വനങ്ങളും പുരാതന ലങ്കാനഗരവും വരെ നീളുന്ന ദൃശ്യവിസ്മയമാണ് രാജമൗലി ഒരുക്കുന്നത്.
അണിയറയിലെ കരുത്തർ മഹേഷ് ബാബുവിനും പൃഥ്വിരാജിനുമൊപ്പം പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നു. ശ്രീ ദുർഗ ആർട്ട്‌സ്, ഷോവിംഗ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണയും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കീരവാണിയാണ് സംഗീതം. ഐമാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രമാകുമെന്നാണ് പ്രതീക്ഷ.
