വർഷങ്ങളായി പലരും തന്നോട് ചോദിക്കുന്ന ചോദ്യത്തിന് മറുപടിയുമായി പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് രംഗത്ത്. താൻ എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തതെന്ന് തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ രഞ്ജിനി തുറന്നുപറഞ്ഞു. വിവാഹം കഴിക്കണമോ എന്ന ചോദ്യം താൻ തന്നെ പലതവണ ചോദിച്ചിട്ടുണ്ടെന്നും, അത്തരമൊരു സങ്കൽപം തനിക്കുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.
ഇരുപതുകളിൽ തന്റെ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ലെന്നും, അത് വളരുന്ന കാലമാണെന്നും ആളുകളെ പരിചയപ്പെടുകയും ഡേറ്റ് ചെയ്യുകയും ചെയ്യുമ്പോഴേ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാകൂ എന്നും രഞ്ജിനി പറയുന്നു. ഒരു ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി താൻ കാണാത്തതുകൊണ്ടാണ് ബ്രേക്കപ്പുകൾ ചെയ്തതെന്നും, ഒരു റിലേഷൻഷിപ്പിലാകുമ്പോൾ അത് വിവാഹത്തിലേക്കെത്തിക്കുന്നതിൽ ഒരുപാട് പേർ വിശ്വസിക്കുന്നുണ്ടെങ്കിലും എനിക്കങ്ങനെയാെരു സങ്കൽപമില്ലെന്നും അവർ വ്യക്തമാക്കി. ഒരു ബന്ധത്തിൽ ആവശ്യത്തിലധികം അഡ്ജസ്റ്റ്മെന്റ് ചെയ്ത് സെൽഫ് റെസ്പെക്ട് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്നും, അങ്ങനെയാെരു സാഹചര്യത്തിൽ ബന്ധം വേണ്ടെന്ന് വെക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
താൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം കുടുംബ പശ്ചാത്തലമാണെന്നും രഞ്ജിനി വ്യക്തമാക്കുന്നു. മുപ്പത് വയസ്സായപ്പോഴാണ് തനിക്ക് തന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്. തന്റെ ഏഴാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. അമ്മ മാത്രമുള്ള കുടുംബ സാഹചര്യത്തിൽ വളർന്നതുകൊണ്ട് ഭാര്യയും ഭർത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോൾ തനിക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല. എനിക്കെന്നെ നന്നായി അറിയാമെന്നും, അമ്മയും ഒരിക്കലും തന്നോട് കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. അമ്മയ്ക്കും തന്നെ നന്നായി അറിയാമെന്നും, ഇപ്പോൾ എന്തായാലും വിവാഹം കഴിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും എന്നാൽ നാളത്തെ കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരു ഐഡിയയും ഇല്ലെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അവർ വ്യക്തമാക്കി.
