Home » Blog » kerala Max » വിഴിഞ്ഞം ഇനി ആഗോള വാണിജ്യ കേന്ദ്രം; സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങൾ നാളെ മുതൽ
vzcxzzjpg_1786969678941

കേരളത്തിന്റെ വികസന കുതിപ്പിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. നാളെ രാവിലെ 10.45-ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. വിഴിഞ്ഞത്തുനിന്ന് യൂറോപ്പ് അടക്കമുള്ള വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ എത്തിക്കാൻ സാധിക്കുന്നതോടെ യാത്രാസമയത്തിലും ചെലവിലും വൻ കുറവുണ്ടാകുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

 

ഇതോടൊപ്പം സംസ്ഥാനത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കിലോമീറ്റർ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ആസൂത്രണം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനും ചരക്കുനീക്കത്തിനും മിഷൻ സമുദ്ര പദ്ധതി വലിയ ഊർജ്ജം പകരും.

 

അതേസമയം, വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കത്തിൽ ഏറെ നിർണായകമായ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന് നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാരിസ്ഥിതികാനുമതി ലഭിച്ചു. കേന്ദ്ര കാബിനറ്റിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും. 11 വില്ലേജുകളിൽ നിന്നായി 100 ഹെക്ടറോളം ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും ഈ അനുമതി വഴിതുറക്കും.