Home » Blog » kerala Max » വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി അദാനി ഗ്രൂപ്പ്; പ്രതിഷേധം ശക്തമാകുന്നു
thiruvananthapuram-airport-680x450

തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് നടപ്പാക്കിയ പുതിയ പാർക്കിങ് ഫീസ് വർധനവിനെതിരെ വ്യാപക പ്രതിഷേധം. ഈ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്ന അമിത നിരക്കുകൾക്കെതിരെ യൂത്ത് കോൺഗ്രസ് സമരത്തിന് ഒരുങ്ങുകയാണ്. ടാക്സി വാഹനങ്ങളുടെ എൻട്രി ഫീസ് പിൻവലിക്കുക, തൊഴിലാളികളുടെ പാർക്കിങ് ഫീസ് ഒഴിവാക്കുക, സൗജന്യ സമയപരിധി 15 മിനിറ്റാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

പുതിയ നിരക്കുകൾ പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറിന് 50 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവും, 24 മണിക്കൂറിന് 300 രൂപയും നൽകണം. ഓട്ടോറിക്ഷകൾക്കും മുച്ചക്ര വാഹനങ്ങൾക്കും എട്ട് മിനിറ്റിന് 50 രൂപയും, അരമണിക്കൂറിന് 80 രൂപയും, ഒരു മണിക്കൂറിന് 100 രൂപയുമാണ് നിരക്ക്. ഒരു ദിവസത്തെ പാർക്കിങ്ങിന് 500 രൂപ നൽകണം. സ്വകാര്യ നാലുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ എട്ട് മിനിറ്റ് സൗജന്യമാണെങ്കിലും, അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയും 24 മണിക്കൂറിന് 1000 രൂപയുമാണ് പുതിയ ഫീസ്.

ടെമ്പോ, മിനിബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങൾക്ക് എട്ട് മിനിറ്റ് മുതൽ അരമണിക്കൂർ വരെ 600 രൂപയും, 24 മണിക്കൂറിന് 3000 രൂപയുമാണ് ഈടാക്കുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്കും താങ്ങാനാവാത്ത തരത്തിലാണ് ഈ ഫീസ് വർധന. അദാനിയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലും നിരക്കുകൾ വർധിപ്പിച്ചിട്ടുള്ളതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും പുതിയ ഫീസ് നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *