വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. സൂക്ഷ്മപരിശോധനാ വേളയിൽ എതിർ കക്ഷികൾ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടെങ്കിലും, നിയമപരമായ തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർ പത്രിക അംഗീകരിക്കുകയായിരുന്നു. കോടതി ശിക്ഷാവിധി ഉണ്ടെങ്കിൽ മാത്രമേ പത്രിക തള്ളാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ ഇല്ല എന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് നിലവിലുള്ളതിനാൽ പത്രിക തള്ളപ്പെടുമോ എന്ന ആശങ്കയിൽ ബിജെപി ഡമ്മി സ്ഥാനാർത്ഥിയെയും രംഗത്തിറക്കിയിരുന്നു. തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ. ബൈജുവാണ് ഡമ്മിയായി പത്രിക നൽകിയിരുന്നത്. വോട്ട് തേടുന്നതിനായി മത-സാമുദായിക വികാരങ്ങൾ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
