
കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിനായി സർവകലാശാല അഞ്ചംഗ സമിതിയെ രൂപീകരിച്ചു. വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗവർണറുടെ പരാമർശത്തിലും പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു ക്യാമ്പസിൽ പ്രതിഷേധം ഇരമ്പിയത്. വിദ്യാർത്ഥികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി. ശ്രീകുമാറിനെ അന്വേഷണ സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും സർവകലാശാലയ്ക്ക് അകത്തും പുറത്തുണ്ടായ സമരങ്ങളും വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. മാർച്ചിന് നേരെ പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ബാരിക്കേടുകൾ തീർത്ത് തടയുകയും ചെയ്തു. വ്യാഴാഴ്ച മുതൽ സർവകലാശാല ഭരണവിഭാഗം ഓഫീസിനു മുന്നിൽ വിദ്യാർത്ഥികൾ കനത്ത സമരത്തിലായിരുന്നു.
ഒടുവിൽ അന്വേഷണ സമിതിയെ രൂപീകരിക്കുകയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതോടെ വിദ്യാർത്ഥികൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈസ് ചാൻസലർ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തും. എങ്കിലും പ്രോക്ടറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന വിദ്യാർത്ഥികൾ, അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും ശക്തമായ തുടർസമരം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
