വിദ്യാഭ്യാസ മേഖലയിലും കൈവെക്കാൻ അദാനി ഗ്രൂപ്പ്

ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് സ്‌കൂള്‍ (Gems School) അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു. മലയാളിയും റാന്നി സ്വദേശിയുമായ സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പ് ഗൗതം അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്‌കൂളുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നതെന്ന് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് അദാനി വിദ്യാഭ്യാസ ബിസിനസിലേക്ക് കടക്കുന്നത്.

2000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഈ സംയുക്ത സംരഭത്തില്‍ മുടക്കുന്നത്. പുതിയ സംരംഭത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതം ഓഹരികളാണുള്ളത്. അദാനി ജെംസ് സ്‌കൂള്‍ ഓഫ് എക്സലെന്‍സിന്റെ ആദ്യ സ്‌കൂള്‍ ഈ വര്‍ഷം ലക്‌നൗവില്‍ ആരംഭിച്ചു കഴിഞ്ഞു. ജെംസ് ഗ്രൂപ്പിന് ഇന്ത്യയില്‍ കൊച്ചിയിലും ഗുഡ്ഗാവിലും രണ്ട് സ്‌കൂളുകളാണുള്ളത്. എട്ട് രാജ്യങ്ങളിലായി 92 സ്‌കൂളുകള്‍ നടത്തുന്ന ലോകത്തിലെ വന്‍കിട വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയാണ് സണ്ണി വര്‍ക്കി. നഴ്സറി മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ ഗ്രൂപ്പിന് കീഴിലുള്ളത്. 185 രാജ്യങ്ങളില്‍ നിന്നുള്ള നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് ദുബായിയിലെ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇതിൽ ഒരു ലക്ഷത്തോളം കുട്ടികള്‍ ജെംസ് ഗ്രൂപ്പിൻ്റെ സ്കൂളുകളിലാണ്. ഇന്ത്യന്‍, അമേരിക്കന്‍, ബ്രിട്ടീഷ് സിലബസുകളാണ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്.

അദാനി ജെംസ് സ്‌കൂളുകളില്‍ 30 ശതമാനം അഡ്മിഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചെറു നഗരങ്ങളിലുമായി സ്‌കൂളുകള്‍ തുടങ്ങാനാണ് പദ്ധതി. പിന്നീട് രാജ്യമൊട്ടാകെ സ്‌കൂള്‍ ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി. ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്ന ചിലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ജെംസ് എഡ്യൂക്കേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ തന്നെ മികച്ച ഡിജിറ്റല്‍ പഠനരീതികള്‍ കുട്ടികള്‍ക്കായി നടപ്പാക്കും. സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാന്‍ അടുത്ത തലമുറയെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗൗതം അദാനി പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *