Home » Blog » kerala Max » വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക പ്രഖ്യാപനം; പാസ്‌പോർട്ട് കേവലം യാത്രാരേഖ മാത്രം, പൗരത്വ രേഖയല്ല
passport1

പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാർസ്പോർട്ട് അടിസ്ഥാനപരമായി അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാനുള്ള യാത്രാരേഖയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ‘നിങ്ങള്‍ക്ക് പാസ്‌പോർട്ട് ലഭിച്ചാല്‍ ആ പാസ്‌പോര്‍ട്ട് നിങ്ങളുടെ സ്വന്തമാണെന്ന് അര്‍ത്ഥമില്ല. പാസ്‌പോര്‍ട്ടിൻ്റെ പുറം ചട്ടയില്‍ ഇത് സര്‍ക്കാരിന്റെ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏത് സമയത്തും ഇത് തിരികെ ഹാജരാക്കേണ്ടി വന്നേക്കാമെന്നു’മാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ എന്താണ് പൗരത്വം തെളിയിക്കാനുള്ള യഥാര്‍ത്ഥ രേഖ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ച. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് പാസ്പോർട്ട് ലഭിക്കാൻ നിയമപരമായി സാധിക്കാത്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനത്തിൻ്റെ വിരോധാഭാസം ചർച്ചയാകുന്നത്.
അതേസമയം എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആധാറും പൗരത്വത്തിനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആധാർ ഒരു തിരിച്ചറിയല്‍ രേഖമാത്രമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വോട്ടര്‍ ഐഡിയും തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിനാണ് സമൂഹമാധ്യമങ്ങളില്‍ പൗരത്വ രേഖയെക്കുറിച്ച് ചര്‍ച്ച സജീവമാകുന്നത്.