റായ്പൂർ: മുംബൈ ഇന്ത്യൻസിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന് ഐപിഎൽ അച്ചടക്ക സമിതിയുടെ ശിക്ഷാ നടപടി. മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ചതിന് താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി. പിഴയ്ക്ക് പുറമെ രണ്ട് ഡെമെറിറ്റ് പോയിന്റുകളും ഡേവിഡിന്റെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 പ്രകാരം അശ്ലീലമോ അപകീർത്തികരമോ ആയ ആംഗ്യങ്ങൾ പ്രദർശിപ്പിച്ചു എന്ന കുറ്റത്തിനാണ് നടപടി. മാച്ച് റഫറി അമിത് ശർമ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചു. ഞായറാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ അവസാന പന്തിൽ മുംബൈയെ തോൽപ്പിച്ച് ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. ഈ വിജയാഘോഷത്തിനിടെ ഡേവിഡ് നടുവിരൽ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഐപിഎൽ അധികൃതർ ഇടപെട്ടത്.
മുൻപ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ടിം ഡേവിഡ് 2025- ൽ ആണ് ബെംഗളൂരു ടീമിലെത്തിയത്. മുംബൈക്കെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായി താരം ബാറ്റിംഗിൽ നിരാശപ്പെടുത്തിയിരുന്നു. ജയത്തിന്റെ ആവേശത്തിനിടയിലും താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലാത്ത പെരുമാറ്റം ടീമിനും തിരിച്ചടിയായിട്ടുണ്ട്.
