Home » Blog » kerala Max » വിചാരണയ്ക്കായി ഡോക്ടർ ഹാജരായ തക്കം നോക്കി സർക്കാർ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ആംബുലൻസ് ഡ്രൈവർ
doctor-1024x556

<strong>കാന്‍പൂര്‍</strong>: കാന്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഡ്രൈവര്‍ രോഗിയെ പരിശോധിച്ച് മരുന്നെഴുതി നല്‍കിയെന്ന് ആരോപണം. ഡോക്ടര്‍ കോടതിയില്‍ ഒരു വിചാരണയുടെ ഭാഗമായി പോയ സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രാമ ദേവി ചൗരാഹയ്ക്ക് സമീപമുള്ള കാന്‍ഷിറാം ആശുപത്രിയിലെ ഒപി ഡിപ്പാർട്ട്മെൻ്റ് മുറിയില്‍ ഒരാള്‍ രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചെയ്യുന്നതായി വ്യക്തമാകുന്ന വീഡിയോ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (ഇഎംഒ) രാംകേഷിന്റെ ഡ്രൈവറായ ദേവ് ആണ് വീഡിയോയിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. സംഭവം നടന്ന സമയത്ത് രാംകേഷ് ഒരു കോടതി നടപടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പിയൂഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഹരിദത്ത് നെമി പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ ഇക്കാര്യം ഗൗരവമായിത്തന്നെയാണ് പരിഗണിച്ചതെന്നാണ് നെമി വ്യക്തമാക്കിയത്.

ഒപി ഡിപ്പാർട്ട്മെൻ്റിൽ ദേവ് രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ എന്നും, മുന്‍പും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും സമിതി പരിശോധിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ നിന്ന് മാറ്റിയതായി ആശിപത്രി അധികൃതര്‍ അറിയിച്ചു. അയാള്‍ക്ക് എങ്ങനെയാണ് ഒപിയില്‍ പ്രവേശനം ലഭിച്ചത്, എത്ര രോഗികളെ പരിശോധിച്ചു, അവര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട്, രാംകേഷിനോട് വിശദീകരണം ആവശ്യപ്പെടുകയും ചകേരി പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ആ വീഡിയോ പുറത്തുവരുന്നതിന് ഒരു ദിവസം മുമ്പ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ലെന്നും പീയുഷ് മിശ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *