യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരം മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എം.എ. ബേബി വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
