സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തെത്തുടർന്ന് വടകര സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ വാദം കേൾക്കേണ്ടിയിരുന്ന ജഡ്ജി അവധിയിലായതിനാലാണ് നടപടികൾ ഇന്നത്തേക്ക് മാറ്റിയത്. ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും മനംനൊന്താണ് ജനുവരി 18-ന് ദീപക് ജീവനൊടുക്കിയത്.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ കുന്ദമംഗലം കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്. ദീപക് നിരപരാധിയാണെന്നും അനാവശ്യമായ സൈബർ വിചാരണയാണ് ഒരു ജീവൻ കവർന്നതെന്നും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ കോടതി വിധി ഏറെ നിർണ്ണായകമാണ്.
