2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ – അർജന്റീന മത്സരത്തിന് ശേഷമുണ്ടായ സംഘർഷങ്ങളിൽ വിശദീകരണവുമായി അർജന്റീന സഹപരിശീലകൻ റോബർട്ടോ അയാള രംഗത്ത്. സ്പെയിൻ താരം ഡാനി ഓൽമോയെ പിടിച്ചുതള്ളിയ സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് റോബർട്ടോ അയാള തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഫൈനൽ പോരാട്ടത്തിന് ശേഷം നടന്ന സംഭവത്തിൽ എനിക്ക് വലിയ ഖേദമുണ്ട്. ഈ പദവിയിലിരിക്കുമ്പോൾ പ്രകോപനങ്ങളിൽ വഴങ്ങി അങ്ങനെ ഒരിക്കലും പ്രതികരിക്കാൻ പാടില്ലായിരുന്നു. ഞാൻ ഡാനി ഓൽമോയെ മുഖത്ത് ഇടിക്കുകയല്ല, മറിച്ച് തള്ളുകയാണ് ചെയ്തത്. താരത്തിന്റെ ചില വാക്കുകൾ തന്നെയാണ് എന്നെ പ്രകോപിപ്പിച്ചത്. സ്വന്തം താരങ്ങളെ പിന്തിരിപ്പിക്കാനാണ് മൈതാനത്തെത്തിയത്, എന്നാൽ ആ നിമിഷം എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല,’ റോബർട്ടോ വിശദീകരിച്ചു. ഡാനി ഓൽമോയോട് നേരിട്ട് മാപ്പ് പറയാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അർജന്റീന ക്യാമ്പിൽ നിന്നുള്ള ഈ പ്രതികരണം.
ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന സ്പെയിനിനോട് പരാജയപ്പെട്ടത്. ഈ വിജയത്തോടെ 16 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്പെയിൻ ലോകകിരീടം ചൂടുകയും ചെയ്തിരുന്നു.
