Home » Blog » kerala Max » ലിവർപൂൾ സർവ്വകലാശാലയുടെ ബെംഗളൂരു ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ചിൽ മുന്നൂറോളം വിദ്യാർത്ഥികൾ
9-1

ബെംഗളൂരു: ലിവർപൂൾ സർവ്വകലാശാലയുടെ ബെംഗളൂരു ക്യാമ്പസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. കർണാടകയിലെ ആദ്യത്തെ റസ്സൽ ഗ്രൂപ്പ്  സർവ്വകലാശാല ക്യാമ്പസാണിത്. വൈറ്റ്ഫീൽഡിലെ അലെംബിക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസിലേക്ക് ആദ്യ ബാച്ചിലായി മുന്നൂറോളം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.

ഇന്ത്യ-യുകെ ഉന്നത വിദ്യാഭ്യാസ സഹകരണത്തിലെ ചരിത്രപരമായ നിമിഷത്തിൽ കർണാടക വൻകിട-ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി എം. ബി. പാട്ടീൽ, ലിവർപൂൾ സിറ്റി റീജിയൻ മേയർ സ്റ്റീവ് റോതെറാം, ലിവർപൂൾ ഫുട്ബോൾ ക്ലബ് ലെജൻഡും സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥിയുമായ റോബി ഫൗളർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

കമ്പ്യൂട്ടർ സയൻസ്, ഗെയിം ഡിസൈൻ, ബിസിനസ്സ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, ബയോമെഡിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് സർവ്വകലാശാല ആദ്യഘട്ടത്തിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട് ക്ലാസ്റൂമുകൾ, റിസർച്ച് ഇന്നൊവേഷൻ സ്പേസുകൾ, കൊളാബറേഷൻ ഹബുകൾ, അത്യാധുനിക ലബോറട്ടറികൾ, ബ്ലൂംബെർഗ് ടെർമിനലുകൾ എന്നിവയോടെയുള്ള മികച്ച പഠനാന്തരീക്ഷമാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുമായി ചേർന്ന് ലിവർപൂൾ സിറ്റി റീജിയൻ ഡെലിഗേഷൻ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. നോബൽ സമ്മാന ജേതാവായ പ്രൊഫസർ ഹർ ഗോവിന്ദ് ഖൊരാനയുടെ സ്മരണയ്ക്കായി ക്യാമ്പസിലെ ലെക്ചർ തിയേറ്ററിന് അദ്ദേഹത്തിന്റെ പേര് നൽകി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസുമായി ലിവർപൂൾ സർവ്വകലാശാലയ്ക്കുള്ള ദീർഘകാല ഗവേഷണ സഹകരണവും, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി ചേർന്നുള്ള പുതിയ സീഡ് ഫണ്ടും ചടങ്ങിൽ പ്രദർശിപ്പിച്ചു.

നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്, ബെൽ ഇന്റഗ്രേഷൻ, സായ് ലൈഫ് സയൻസസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സർവ്വകലാശാല പുതിയ തന്ത്രപ്രധാനമായ കരാറുകളിൽ ഒപ്പുവെച്ചു.

നമ്മുടെ മികച്ച അറിവിന്റെയും നവീകരണത്തിന്റെയും മേഖലയിലേക്ക്  ലിവർപൂൾ സർവ്വകലാശാലയുടെ ബെംഗളൂരു ക്യാമ്പസ് ഒരു വലിയ മുതൽക്കൂട്ടാണ്. ഇത് വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാനുഭവം നൽകുന്നു. കർണാടകയ്ക്ക് ആവശ്യമായ ബിരുദ തല നൈപുണ്യങ്ങളെ സർവ്വകലാശാല കൃത്യമായി പരിഗണിച്ചിട്ടുണ്ട്. അതിനാൽ ഇവിടെ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച കരിയർ സ്വന്തമാക്കാൻ കഴിയുമെന്നതിൽ സംശയമില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

വടക്കൻ ഇംഗ്ലണ്ടിന്റെ പ്രധാന സമ്പത്തുകളിൽ ഒന്നാണ് സർവ്വകലാശാലകൾ. അവ മികച്ച പ്രതിഭകളെ ഒരുമിച്ചു കൂട്ടുകയും ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുകയും ചെയ്യുന്നു. ഒപ്പം മഹത്തായ ആശയങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റാനും നാളത്തെ ബിസിനസുകൾ രൂപീകരിക്കാനും അവ സഹായിക്കുന്നുവെന്ന് ലിവർപൂൾ സിറ്റി റീജിയൻ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു.

ഈ വർഷം തങ്ങളുടെ ഗവേഷണാധിഷ്ഠിതവും തൊഴിൽകേന്ദ്രീകൃതവുമായ സിലബസിൽ പഠനം ആരംഭിക്കാൻ മുന്നൂറോളം പ്രതിഭാധനരായ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ പൂർണ്ണമായ കഴിവുകൾ പുറത്തെടുക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് അവരുടെ പഠനാനുഭവത്തിന്റെ എല്ലാ വശങ്ങളും വളരെ ശ്രദ്ധയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്തെന്ന് ലിവർപൂൾ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ടിം ജോൺസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *