
ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ 10-ാം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമാകുന്നു. മെസിയോടുള്ള ആദരസൂചകമായി 10-ാം നമ്പർ ജേഴ്സി പിൻവലിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഫിഫയുടെ കർശന ചട്ടങ്ങൾ ഇതിന് തടസ്സമാകുകയാണ്.
ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിൽ ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകണമെന്നാണ് നിയമം. അതിനാൽ തന്നെ ഏതെങ്കിലും ഒരു നമ്പർ ഒഴിവാക്കാൻ ടീമുകൾക്ക് സാധിക്കില്ല. തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി 10-ാം നമ്പർ ജേഴ്സി ആർക്കും നൽകാതെ താൽക്കാലികമായി മാറ്റി നിർത്തിയിരുന്നെങ്കിലും ശാശ്വതമായ ഒരു പരിഹാരം വേണമെന്ന സാഹചര്യത്തിലാണ് പുതിയ പിൻഗാമിയെ തേടുന്നത്.
നിലവിൽ അർജന്റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിന്റെ പേരാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. സീരി എ ക്ലബ്ബായ കോമോയ്ക്കായി തിളങ്ങുന്ന ഈ യുവതാരം അർജന്റീന ദേശീയ ടീമിലും ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അസാധാരണമായ ഡ്രിബ്ലിംഗ് മികവും എതിരാളികളുടെ ഡിഫൻസ് നിര തകർത്ത് പന്ത് ബോക്സിലേക്ക് എത്തിക്കാനുള്ള ശേഷിയുമാണ് നിക്കോ പാസിനെ ശ്രദ്ധേയനാക്കുന്നത്.
ബൊളീവിയ, ബുർക്കിന ഫാസോ എന്നിവർക്കെതിരായ മത്സരങ്ങളിൽ ഗോൾ നേടി മികവ് തെളിയിച്ച നിക്കോ പാസിന്, മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളിന് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ തലമുറയ്ക്ക് ബാറ്റൺ കൈമാറുന്നതിന്റെ സൂചനയായാണ് ഫുട്ബോൾ ആരാധകർ ആ നിമിഷത്തെ വിലയിരുത്തിയത്. നിക്കോ പാസിന്റെ പേര് മുന്നിലുണ്ടെങ്കിലും മെസിയുടെ ഐക്കണിക് 10-ാം നമ്പർ ജേഴ്സി ഔദ്യോഗികമായി ആർക്ക് നൽകുമെന്നതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല.
