Home » Blog » kerala Mex » റൺസ് അടിച്ചുകൂട്ടി കിഷൻ; കലിപ്പിൽ അൻസാരി; ഹൈദരാബാദ് ക്യാമ്പിൽ പരിശീലനത്തിനിടെ വാക്‌പോര്!
Untitled-1-Recovered-Recovered-26-680x450

പിഎൽ 2026 സീസണിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിൽ നിന്നുള്ള ഒരു പരിശീലന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച നടന്ന ഇൻട്രാ സ്ക്വാഡ് മത്സരത്തിനിടെ ഇടക്കാല ക്യാപ്റ്റൻ ഇഷാൻ കിഷനും യുവ സ്പിന്നർ സീഷൻ അൻസാരിയും തമ്മിലുണ്ടായ നാടകീയമായ വാക്‌പോരാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഇന്നിംഗ്‌സിലെ എട്ടാം ഓവറിൽ അൻസാരിയെ കടന്നാക്രമിച്ച കിഷൻ 20 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ കിഷനെ പുറത്താക്കി അൻസാരി മറുപടി നൽകി. വിക്കറ്റ് വീഴ്ത്തിയ ആവേശത്തിൽ യുവതാരം കടുത്ത ഭാഷയിൽ കിഷനോട് പവലിയനിലേക്ക് മടങ്ങാൻ ആക്രോശിക്കുകയായിരുന്നു. മൈതാനത്ത് വെച്ച് ഇരുവരും വാക്കുകൾ കൈമാറിയെങ്കിലും, ചിരിച്ചുകൊണ്ട് മടങ്ങിയ കിഷൻ സംഭവത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് നേരിട്ടത്.

ചെറിയ അസ്വാരസ്യങ്ങൾക്കിടയിലും ബാറ്റിംഗ് നിര ഫോമിലേക്കെത്തിയത് ഓറഞ്ച് ആർമിക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ടി20 ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തിയ അഭിഷേക് ശർമ 94 റൺസെടുത്ത് കരുത്തുകാട്ടി. ഇഷാൻ കിഷനാകട്ടെ വെറും 24 പന്തുകളിൽ നിന്ന് 72 റൺസ് അടിച്ചുകൂട്ടിയാണ് തന്റെ വെടിക്കെട്ട് ഫോം തെളിയിച്ചത്. ലിയാം ലിവിംഗ്സ്റ്റണും ഇവർക്കൊപ്പം തകർപ്പൻ പ്രകടനം പുറത്തെടുത്തു. നായകനും ഉപനായകനും ഒരുപോലെ താളം കണ്ടെത്തിയത് വരാനിരിക്കുന്ന സീസണിൽ ഹൈദരാബാദിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.

മാർച്ച് 28-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് സൺറൈസേഴ്‌സിന്റെ ആദ്യ പോരാട്ടം. പരിശീലന മത്സരത്തിലെ താരങ്ങളുടെ വാശിയും ആവേശവും വരാനിരിക്കുന്ന സീസൺ എത്രത്തോളം തീപാറുന്നതാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. ടീമിനുള്ളിലെ ചെറിയ പിണക്കങ്ങൾ മാറ്റിനിർത്തി, തകർപ്പൻ ഫോമിലുള്ള ബാറ്റിംഗ് നിരയുമായി ആദ്യ മത്സരത്തിന് ഇറങ്ങാനൊരുങ്ങുകയാണ് ഹൈദരാബാദ് പട.